ശ്രീ വടക്കുംനാഥ ക്ഷേത്ര രഹസ്യങ്ങളും, ദർശന ക്രമവും തന്ത്രി ബ്രഹ്മശ്രീ.പുലിയന്നൂർ ശങ്കരനാരായണൻ
തൃശ്ശൂരിൻ്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ശ്രീ വടക്കുംനാഥ ക്ഷേത്രം ശ്രീ പരശുരാമൻ പ്രതിപ്രതിഷ്ഠിച്ച കേരളത്തിലെ ആദ്യ ക്ഷേത്രം എന്ന് അറിയപ്പെടുന്നു. സാക്ഷാൽ ശ്രീ കൈലാസത്തിൻ്റെ ദക്ഷിണ ഭാഗത്തിന്നു സമാനമാണ് വടക്കുംനാഥൻ്റെ ശ്രീലകത്തെ നെയ്മല. അതിനാൽ തന്നെയാകാം ഈ ക്ഷേത്രത്തിനും ആ പേര് ലഭിച്ചത്. മറ്റ് ശിവക്ഷേത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി ഈ ക്ഷേത്രത്തിലെ ദേവ വിഗ്രഹം ആരും തന്നെ ദർശിച്ചിട്ടില്ല! ശ്രീലകത്തെ നെയ്മലയാണ് ക്ഷേത്രം തന്ത്രി തുടങ്ങി ഭക്തർക്ക് വരെ കാണാനാകുക. മറ്റ് മഹാക്ഷേത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി ഉത്സവവും, കൊടിമരവും ഇല്ലാത്ത അമ്പലമാണ് വടക്കുംനാഥ ക്ഷേത്രം എന്നാൽ വിശ്വ പ്രസിദ്ധമായ തൃശ്ശൂർ പൂരം നടക്കുന്നത് ശ്രീ വടക്കുംനാഥനെ സാക്ഷിയാക്കിയാണ്. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ കൂത്തമ്പലം സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം യുനെസ്കോയുടെ പൈതൃക പട്ടികയിൽ ഇടം നേടിയിട്ടുണ്ട്.ബന്ധമാണുള്ളത്. ശക്തൻ തമ്പുരാൻ്റ കാലഘട്ടത്തിലാണ് ഈ ക്ഷേത്രം ഇന്നത്തെ രീതിയിൽ പുനർനിർമ്മിക്കപ്പെട്ടത്. കേരളത്തിലെ ഏറ്റവും വലിയ മതിൽക്കെട്ട് ഉള്ള വടക്കുന്നാഥക്ഷേത്രം 20 ഏക്കർ വിസ്താരമേറിയതാണ്. നാലുദിക്കുകളിലുമായി നാലു മഹാഗോപുരങ്ങൾ ഇവിടെ പണിതീർത്തിട്ടുണ്ട്. വടക്കുംനാഥന്റെ മഹാപ്രദക്ഷിണവഴിയാണ് സ്വരാജ് റൗണ്ട് എന്നറിയപ്പെടുന്നത്. അതിനാൽ തൃശ്ശൂർ നഗരത്തിൽ വരുന്ന ഒരാൾക്കും വടക്കുന്നാഥക്ഷേത്രത്തിന് മുന്നിലൂടെയല്ലാതെ കടന്നുപോകാൻ കഴിയില്ല. 108 ശിവാലയ സ്തോത്രങ്ങളിൽ ഒന്നാം സ്ഥാനം അലങ്കരിയ്ക്കുന്ന തൃശ്ശൂർ വടക്കുന്നാഥക്ഷേത്രത്തെ ശ്രീമദ്ദക്ഷിണകൈലാസം എന്നാണ് അതിൽ പ്രതിപാദിച്ചിരിയ്ക്കുന്നത്.