#karshakasree #agriculture #blackpepper
കേരളത്തിലെ ഹൈ ഡെന്‍സിറ്റി കുരുമുളകു തോട്ടത്തെക്കുറിച്ച് മനോരമ ഓണ്‍ലൈന്‍ കര്‍ഷകശ്രീ റിപ്പോര്‍ട്ടു ചെയ്തത് ഇക്കഴിഞ്ഞ സെപ്റ്റംബറിലായിരുന്നു. ഒരേക്കറില്‍ 800 ചുവട് കുരുമുളക് നട്ടു വളര്‍ത്തിയ, ഏക്കറിന് 10 ടണ്‍ ഉണക്കക്കുരുമുളകു ലഭിക്കുമെന്നു ഉറപ്പു പറഞ്ഞ ആ കര്‍ഷകനെ കാണാന്‍ കേരളത്തിന്റെ കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയുള്ള ജില്ലകളില്‍നിന്ന് കര്‍ഷകര്‍ എറണാകുളം ജില്ലയിലെ കിഴക്കമ്പലത്തേക്ക് ഒഴുകിയെത്തി! കേരളത്തില്‍നിന്നു മാത്രമല്ല കര്‍ണാടകയില്‍നിന്നും തമിഴ്‌നാട്ടില്‍നിന്നുമെല്ലാം കുരുമുളകു കര്‍ഷകര്‍ തോട്ടത്തെക്കുറിച്ചു പഠിക്കാനായി ബസ് പിടിച്ചെത്തി. കുരുമുളകു കൃഷിയില്‍ വിപ്ലവം സൃഷ്ടിക്കാന്‍ പോന്ന പുഞ്ചപ്പുതുശ്ശേരിൽ പീറ്റര്‍ ജോസഫിന്റെ തോട്ടത്തില്‍ ഇത് വിളവെടുപ്പു കാലമാണ്. രണ്ടര വര്‍ഷം പിന്നിട്ട കുരുമുളകു ചെടികള്‍ മികച്ച വിളവ് നല്‍കി തലയുയര്‍ത്തി നില്‍ക്കുന്നതു കാണാന്‍ കര്‍ഷകശ്രീ സംഘം വീണ്ടും കിഴക്കമ്പലത്തെത്തി, പീറ്റര്‍ എന്ന കര്‍ഷകനെ മാത്രമല്ല വിളവെടുപ്പുകൂടി കാണാന്‍വേണ്ടിയായിരുന്നു ഈ യാത്ര.