ഗംഗ ശശിധരൻ എന്ന 11 വയസ്സുകാരി വയലിൻ മാന്ത്രിക കുരുന്ന് ആസ്വാദകരുടെ മനം കവരുന്നു.
നാലര വയസ്സിൽ ആദ്യമായി വയലിൻ കൈക്കലാക്കിയത് മുതൽ ഗംഗ അസാധാരണമായ കഴിവും പ്രകടനങ്ങളും കാഴ്ചവച്ചിരുന്നു .
കേരളത്തിലെ ഗുരുവായൂരിൽ ജനിച്ചുവളർന്ന ഗംഗയുടെ സംഗീതലോകത്തേക്കുള്ള യാത്ര ആരംഭിച്ചത്
ഗുരുക്കന്മാരായ ശ്രീ.നിധിൻ എസ് കാർത്തികേയൻ, ശ്രീമതി രാധിക പരമേശ്വരൻ, ശ്രീ സി എസ് അനുരൂപ് എന്നിവരുടെ ശിക്ഷണത്തിലാണ്.
വയലിനോടുള്ള അർപ്പണബോധവും അഭിനിവേശവും ഗംഗയെ ചെറുപ്പത്തിൽ തന്നെ നിരവധി നാഴികക്കല്ലുകൾ താണ്ടാൻ സഹായിച്ചു. ഗംഗയുടെ പ്രകടനങ്ങൾ അവളുടെ സാങ്കേതിക കൃത്യതയ്ക്കൊപ്പം മുഖത്ത് വിരിയുന്ന ഭാവങ്ങൾക്കും ആസ്വാദകരുടെ മുക്തകണ്ഠമായ പ്രശംസ നേടിക്കൊടുത്തു. ക്ലാസിക്കൽ സംഗീത രംഗത്തെ ശ്രദ്ധേയയായ ഒരു യുവ പ്രതിഭയായി ഗംഗ വളര്‍ന്നു വരുന്നു .
ഗുരുവായൂർ, വൈക്കം, കാസർഗോഡ്, ഏറ്റുമാനൂർ കൊട്ടാക്കര, കൊച്ചി, കുമാരനല്ലൂർ, കിടങ്ങൂർ, ചെമ്പൈ സംഗീതോത്സവം തുടങ്ങി കേരളത്തിലെ പ്രധാന നഗരങ്ങളിലെ വേദികളിൽ ഗംഗകുട്ടി പരിപാടി അവതരിപ്പിച്ചിട്ടുണ്ട്. കൂടാതെ കേരളത്തിന് പുറത്ത് മംഗലാപുരം, ഉഡുപ്പി, നാഗർകോവിൽ, തഞ്ചാവൂർ , കുംഭകോണം, വീരാളിമല, ദേവക്കോട്ട, മൈസൂർ , ബാഗ്ലൂർ , ഹൈദരാബാദ് അടക്കം ഗംഗകുട്ടി ഇതുവരെ നൂറിൽപ്പരം സ്റ്റേജുകളിൽ വയലിൻ നാദവിസ്മയം അവതരിപ്പിച്ചിട്ടുണ്ട്. കോട്ടയം ജില്ലയിൽ മാത്രം ഒരു വർഷത്തിനകം പതിനഞ്ച് സ്ഥലങ്ങളിൽ പരിപാടി അവതരിപ്പിച്ചിട്ടുണ്ട്.
ഇതിനോടകം തന്നെ നിരവധി അവാർഡുകളും അനുമോദനങ്ങളും ഏറ്റുവാങ്ങി ഗംഗ തന്റെ ജൈത്രയാത്ര തുടരുന്നു. ഇന്ത്യയിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട ഫെല്ലോഷിപ്പുകളിൽ സംഗീതത്തിനുള്ള 2024-26 ലെ ഷൺമുഖാനന്ദ ഭാരതരത്ന ഡോ.എം എസ് . സുബ്ബുലക്ഷ്മി ഫെല്ലോഷിപ്പിന് അർഹയായി.
ഈ ഫെല്ലോഷിപ്പ് ലഭിക്കുന്ന കേരളത്തിൽ നിന്നുള്ള ഏക വ്യക്തിയും, വയലിനിലെ ഏക വ്യക്തിയും, ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയുമാണ് ഗംഗകുട്ടി' മുംബയിൽ വച്ച് നടന്ന ചടങ്ങിൽ പുല്ലാംകുഴൽ വിദഗ്ധൻ പത്മവിഭൂഷൻ ഹരിപ്രസാദ് ചൗരസ്യയിൽ നിന്നും അവാർഡ് ഏറ്റുവാങ്ങി .അച്ഛൻ ശശിധരൻ, അമ്മ കൃഷ്ണവേണി ,സഹോദരൻ മഹേശ്വർ. ഗുരുവായൂർ ആണ് സ്വദേശം, ഇപ്പോൾ മലപ്പുറം ജില്ലയിലെ വെളിയങ്കോട് ആണ് താമസിക്കുന്നത്
ഇന്നത്തെ പരിപാടിയിൽ പ്രശസ്ത കലാകാരന്മാരായ സർവശ്രീ. കൊച്ചിൻ ബാലകൃഷ്ണ കമ്മത്ത് (മൃദംഗം), തൃപ്പൂണിത്തുറ ശ്രീകുമാർ (തവിൽ) മാഞ്ഞൂർ ഉണ്ണികൃഷ്ണൻ (ഘടം), കോട്ടയംമുരളീധരൻ (മുഖർശംഖ് ) ചേർത്തല സുനിൽ ലാൽ ( കീബോർഡ്) എന്നിവർ ഗംഗക്കുട്ടി യോടൊപ്പം പക്കമേളം ഒരുക്കുന്നു.
ഈ പരിപാടി നായരമ്പലത്തമ്മയുടെ സന്നിധിയിൽ സമർപ്പിച്ചിട്ടുള്ളത് പുഞ്ചയിൽ കുടുംബാംഗങ്ങളായ ഡോ. വിമലാദേവി, ഡോ. രാജലക്ഷ്മി, ശ്രീമതി. ബിന്ദു മനോജ് എന്നിവരാണ്. താലപ്പൊലി ആഘോഷക്കമ്മിറ്റിക്കു വേണ്ടി അവരോട് ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു.
മാസ്മരികമായ വയലിൻ നാദവിസ്മയത്തിലേക്ക് ഏവർക്കും സ്വാഗതം🙏