#തഹജ്ജുദ് #നിസ്കാരം #തഹജ്ജുദ്നിസ്കാരം #madrasaguide #thahajjud
തഹജ്ജുദ് നിസ്കാരം എങ്ങനെയാണ് നിർവ്വഹിക്കേണ്ടത്, തഹജ്ജുദ് നിസ്കാരം പൂർണ്ണ രൂപം എങ്ങനെ നിർവഹിക്കാം...? ഫർള് നിസ്കാരങ്ങള്‍ കഴിഞ്ഞാല്‍ ഏറ്റവും ശ്രേഷ്ഠമായ സുന്നത്ത് നിസ്കാരമാണ് തഹജ്ജുദ് നിസ്കാരം. “ഖിയാമുല്ലൈല്‍’ എന്നും ഇതിന് പേരുണ്ട്.
അബൂഹുറൈറ(റ) നിവേദനം. നബി(സ്വ) പറയുന്നു: “”റമളാന്‍ കഴിഞ്ഞാല്‍ ഏറ്റവും ശ്രേഷ്ഠതയുള്ള നോമ്പ് മുഹര്‍റത്തിലേതാണ്. ഫര്‍ള് നിസ്കാരങ്ങള്‍ കഴിഞ്ഞാല്‍ ഏറ്റവും ശ്രേഷ്ഠതയുള്ള നിസ്കാരം രാത്രിയിലെ സുന്നത്ത് നിസ്കാരം അഥവാ തഹജ്ജുദാണ്” (മുസ്‌ലിം, അബൂദാവൂദ്).
രാത്രി ഒന്നുറങ്ങി എഴുന്നേറ്റതിന് ശേഷമാണ് ഇതിന്റെ സമയമെന്നതുകൊണ്ട് തന്നെ രാത്രി തീരെ ഉറങ്ങാത്തവര്‍ക്ക് തഹജ്ജുദ് നിസ്കാരമില്ല. തഹജ്ജുദ് നിസ്കാരം ചുരുങ്ങിയത് രണ്ട് റക്അത്താണ്. കൂടിയാല്‍ എത്രയുമാവാം. ദിവസവും മുന്നൂറും അഞ്ഞൂറും റക്അത്ത് വീതം തഹജ്ജുദ് നിസ്കാരം നിര്‍വഹിച്ചവര്‍ മുന്‍ഗാമികളിലുണ്ടായിരുന്നുവെന്ന് ചരിത്രം പറയുന്നു.“ഉറക്കമൊഴിയുക’ എന്നാണ് “തഹജ്ജുദ്’ എന്ന അറബി പദത്തിനര്‍ത്ഥം. വിശുദ്ധ ഖുര്‍ആനില്‍ പോലും പ്രത്യക്ഷമായും പരോക്ഷമായും ഈ നിസ്കാരത്തിന്റെ ശ്രേഷ്ഠതകള്‍ വിവരിച്ചതായി കാണാം. ഫജ്റ് വെളിവാകുന്നതോടെയാണ് തഹജ്ജുദ് നിസ്കാരത്തിന്റെ സമയം അവസാനിക്കുക. പതിവായി ചെയ്യല്‍ ഉത്തമമായ ഈ നിസ്കാരം, പിശാചില്‍ നിന്ന് നല്ലൊരു പരിച കൂടിയാണ്. അതുകൊണ്ടുതന്നെ പതിവാക്കി വരുന്നവന്‍ ഉപേക്ഷിക്കുന്നത് ദുര്‍ലക്ഷണമായി കണക്കാക്കപ്പെടും. രാത്രി നിസ്കാരം പതിവാക്കിയതിന്റെ ശേഷം അത് ഉപേക്ഷിക്കാനിടയായ ഒരാളെപ്പോലെ താങ്കള്‍ ആവരുതെന്ന് നബി(സ്വ) തങ്ങള്‍ സ്വഹാബിവര്യനായ അംറുബ്നുല്‍ ആസ്വ്(റ)നെ ഉപദേശിച്ചിട്ടുണ്ട്. ഉന്മേഷം ലഭിക്കാനും ഹൃദയ ശുദ്ധിക്കും വളരെ ഉത്തമമാണ് തഹജ്ജുദ് നിസ്കാരം.
ശുദ്ധിയോടെ ഉറങ്ങുക, അമിത ഭക്ഷണം വര്‍ജിക്കുക, നേരത്തെ ഉറങ്ങുക, അനാവശ്യ സംസാരങ്ങള്‍ ഒഴിവാക്കുക, ഉറങ്ങുമ്പോഴുള്ള സുന്നത്തുകള്‍ പാലിക്കുക, ദിക്റുകള്‍ വര്‍ധിപ്പിക്കുക ഇവയെല്ലാം തഹജ്ജുദ് നിസ്കാരത്തെ സഹായിക്കുന്ന ഘടകങ്ങളാണ്. തഹജ്ജുദ് നിസ്കാരം പതിവാക്കല്‍ സുന്നത്തുള്ളതുപോലെ തഹജ്ജുദ് നിസ്കരിക്കുമെന്ന് പ്രതീക്ഷയുള്ളവരെ വിളിച്ചുണര്‍ത്തലും സുന്നത്തുണ്ട്. ഞാന്‍ തഹജ്ജുദിന് എഴുന്നേല്‍ക്കുമെന്ന് കരുതി ഉറങ്ങല്‍ പോലും സുന്നത്താണ്. നല്ല കാര്യം ചെയ്യണമെന്ന് കരുതുന്നത് പോലും നന്മയാണെന്നതാണതിന് കാരണം. തഹജ്ജുദ് നിസ്കാരത്തില്‍ ഏത് സൂറത്തും ഓതാമെങ്കിലും ആദ്യത്തെ രണ്ട് റക്അത്തില്‍ സൂറത്തുല്‍ കാഫിറൂനയും സൂറത്തുല്‍ ഇഖ്ലാസും ഓതുന്നതാണ് നല്ലത്. വലിയ സൂറത്തുകള്‍ ഓതുന്നതും നിര്‍ത്തം ദീര്‍ഘിപ്പിക്കുന്നതും പ്രത്യേകം സുന്നത്താണ്. ഖുര്‍ആന്‍ മനഃപാഠമാക്കിയവര്‍ക്ക് ക്രമപ്രകാരം ഓതിവരുന്നതാണ് ഉത്തമം.
തമീമുദ്ദാരി(റ), നബി(സ്വ)യില്‍ നിന്ന് നിവേദനം ചെയ്യുന്നു. “”ഒരാള്‍ രാത്രി പത്ത് ആയത്തുകള്‍ ഓതി തഹജ്ജുദ് നിസ്കരിച്ചാല്‍ അവന് ഒരു കൂമ്പാരം പ്രതിഫലമുണ്ട്. ഈ ലോകവും അതിലുള്ളത് മുഴുവനും ലഭിക്കുന്നതിനേക്കാള്‍ ഉത്തമമായിരിക്കും അത്. ഖിയാമത്ത് നാളില്‍ അല്ലാഹു അവനോട് പറയും: “”നീ ഓതുക! ഓരോ ആയത്തിനനുസരിച്ചും ഓരോ പടികള്‍ കയറിക്കൊള്ളുക. ആയത്തുകള്‍ തീരുംവരെ ഇങ്ങനെ തുടരുക. അങ്ങനെ എത്ര ആയത്തോതി നിസ്കരിക്കുന്നുവോ അതിനനുസരിച്ച് അദ്ദേഹം ഉയര്‍ന്ന പദവിയിലെത്തിച്ചേരും” (ത്വബ്റാനി).
പത്ത് ആയത്തുകള്‍ ഓതി ഒരാള്‍ തഹജ്ജുദ് നിസ്കരിച്ചാല്‍ അവന്‍ ഒരിക്കലും അശ്രദ്ധരില്‍ ഉള്‍പ്പെടില്ല. നൂറ് ആയത്തുകള്‍ ഓതി നിസ്കരിച്ചാല്‍ അവന്‍ ആബിദീങ്ങളില്‍ ഉള്‍പ്പെടും. ആയിരം ആയത്തുകള്‍ ഓതി നിസ്കരിച്ചാലോ അവന്റെ നാമം ഏറ്റവും ഉയര്‍ന്ന പ്രതിഫലക്കാരുടെ പട്ടികയില്‍ രേഖപ്പെടുത്തും!” (അബൂദാവൂദ്,
രിയാഅ് അഥവാ ലോകമാന്യം ഭയപ്പെടാനില്ലാത്ത ആരാധനയാണ് തഹജ്ജുദ് നിസ്കാരമെന്ന് പണ്ഡിതന്മാര്‍ അഭിപ്രായപ്പെടുന്നതും അതുകൊണ്ട് തന്നെയാണ്. അനസ്(റ) പറയുന്നു: ഒരിക്കല്‍ നബി(സ്വ) തങ്ങള്‍ ഞങ്ങളോട് പറഞ്ഞു: “”എന്റെ ഈ പള്ളി (മസ്ജിദുന്നബവി)യില്‍ വെച്ചുള്ള നിസ്കാരം മറ്റു സ്ഥലങ്ങളിലെ പതിനായിരം നിസ്കാരത്തിന് തുല്യമാണ്. മക്കയിലെ മസ്ജിദുല്‍ ഹറാമിലുള്ള നിസ്കാരം ഒരു ലക്ഷം നിസ്കാരത്തിന് സമാനമാണ്. സമരമുഖത്ത് വെച്ചുള്ള നിസ്കാരം രണ്ടായിരം നിസ്കാരത്തിന് സമമാണ്. എന്നാല്‍ അതിനേക്കാളെല്ലാം പ്രതിഫലം ലഭിക്കുന്ന നിസ്കാരം അല്ലാഹുവിന്റെ തൃപ്തി മാത്രം ആഗ്രഹിച്ച് ഒരടിമ രാത്രിയില്‍ നിസ്കരിക്കുന്ന രണ്ട് റക്അത്ത് നിസ്കാരമാണ്” (ഇബ്നു ഹിബ്ബാന്‍).
അലി(റ) നിവേദനം. നബി(സ്വ) തങ്ങള്‍ പറഞ്ഞു: “”തീര്‍ച്ചയായും സ്വര്‍ഗത്തില്‍ മനോഹരമായ ഒരു വൃക്ഷമുണ്ട്. അതിന്റെ താഴെയായി സ്വര്‍ണ നിര്‍മിതമായ ഒരു കുതിര നില്‍ക്കുന്നു. മുത്തും മാണിക്യവും കൊണ്ടാണതിന്റെ കടിഞ്ഞാണ്‍ നിര്‍മിച്ചിരിക്കുന്നത്. സ്വര്‍ണച്ചിറകുകളുള്ള പ്രസ്തുത കുതിരപ്പുറത്ത് ഒരുപറ്റം സ്വര്‍ഗവാസികള്‍ യഥേഷ്ടം പറന്ന് നടക്കും. അപ്പോള്‍ താഴെയുള്ളവര്‍ ചോദിക്കും: “”അല്ലാഹുവേ! ഇത്രയും വലിയ സ്ഥാനവും ബഹുമാനവും നിന്റെ ആ അടിമകള്‍ക്ക് ലഭിച്ചതെന്തുകൊണ്ടാണ്?” അപ്പോഴവര്‍ക്ക് മറുപടി ലഭിക്കും: “”നിങ്ങള്‍ രാത്രി സുഖമായി ഉറങ്ങുമ്പോള്‍ അവര്‍ എഴുന്നേറ്റ് നിസ്കരിച്ചിരുന്നു. നിങ്ങള്‍ ഭക്ഷണം കഴിച്ച് കഴിയുമ്പോള്‍ അവര്‍ നോമ്പുകാരായിരുന്നു. നിങ്ങള്‍ പിശുക്ക് കാണിച്ചപ്പോള്‍ അവര്‍ നല്ല മാര്‍ഗത്തില്‍ ധനം ചെലവഴിച്ചിരുന്നു. നിങ്ങള്‍ ഭീരുത്വം കാണിച്ചപ്പോള്‍ അവര്‍ എന്റെ മാര്‍ഗത്തില്‍ ധര്‍മസമരം നടത്തിയിരുന്നു” (ഇബ്നു അബിദ്ദുന്‍യാ).
ആത്മാര്‍ത്ഥതയോടെ തഹജ്ജുദ് നിസ്കാരം നിര്‍വഹിക്കുന്നവര്‍ക്ക് വാഗ്ദത്തം ചെയ്യപ്പെട്ട പ്രതിഫലങ്ങള്‍ വളരെ വലുതാണ്. തൗറാത്തില്‍ വാഗ്ദത്തം ചെയ്യപ്പെട്ട പ്രതിഫലങ്ങള്‍ക്ക് പുറമെ, തഹജ്ജുദ് നിസ്കാരത്തെ പ്രോത്സാഹിപ്പിക്കുന്ന ഹദീസുകള്‍ക്ക് കയ്യും കണക്കുമില്ല.